വരയിൽ പുനർസൃഷ്ടിക്കും ദൈവത്തിന്റെ സ്വന്തം നാട് - Manorama News

ദുബായ്  ∙ പ്രളയം പിച്ചിച്ചീന്തിയ കേരളത്തിന്റെ മുറിപ്പാടിൽ വർണം ചാലിക്കാൻ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് 14 കലാകാരന്മാർ ദുബായ് ഔട്ട്ലറ്റ് മാളിൽ ഒത്തുചേരും. പതിനാലു ജില്ലകളെ പ്രതിനിധീകരിച്ച് എത്തുന്ന കലാകാരന്മാരിൽ രണ്ട് വിദേശികളുമുണ്ട്. പ്രമുഖ ഡൂഡിൽ ആർട്ടിസ്റ്റും തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയുമായ സിജിൻ ഗോപിനാഥിന്റെ ആശയത്തിന് മറ്റ് കലാകാരൻമാരും പിന്തുണ നൽകുകയായിരുന്നു.  സപ്പോർട്ട് കേരള എന്ന പ്രമേയത്തിലാണ് ഒൻപതു മലയാളികളടക്കം പന്ത്രണ്ട് ഇന്ത്യക്കാരും യുഎഇ, ശ്രീലങ്കൻ പൗരന്മാരും കേരളത്തിന്റെ ഹരിതാഭയിൽ ചായം തേയ്ക്കുന്നത്. രൗദ്രഭാവം പൂണ്ട തെയ്യത്തിലൂടെയാണ് പ്രളയകാലത്തെ കലാകാരന്മാർ വരച്ചിടുക.

പ്രതിസന്ധികളെ അതിജീവിച്ച് സുവർണ കാലത്തിലേക്കുള്ള ചുവടുകളുമായി കഥകളി വേഷവുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായഹസ്തവും പ്രതീക്ഷയോടെ നോക്കിനിൽക്കുന്ന കേരള ബാല്യം പ്രമേയ ചിത്രത്തെ സമ്പന്നമാക്കുന്നു.   സംസ്ഥാനത്തിന്റെ ദയനീയ സ്ഥിതിയിലേക്ക് മറുനാട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കാൻ പ്രേരിപ്പിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സിജിൻ ഗോപിനാഥ് പറഞ്ഞു. ഒരേ ആശയത്തിൽ 14 കലാകാരൻമാരും രണ്ടു വലിയ കാൻവാസുകളിലായി തൽസമയം വരയ്ക്കും.  

വൈകിട്ട് ആറു വരെ ഔട്ട്ലറ്റ് മാളിലും ഏഴു മുതൽ പതിനൊന്നു വരെ അൽഖൈൽ ഗെയ്റ്റ് മാളിലുമാണ് പ്രദർശനം. ഷെഹി ഷാഫി, ശ്യാംലാൽ, ആരതി സുനിൽ, ആശ മേനോൻ, ഗായത്രി അടിയോലിൽ, റെജി വെഞ്ഞാറമൂട് , അനീഷ് ചന്ദ്ര, കിരൺ ബിജുകുമാർ എന്നീ മലയാളികൾക്ക് പുറമെ ഭൈരവി മിസ്ത്രി (മുംബൈ), വർഷ സുരേഖ (കൊൽക്കത്ത), സുനിൽ ബിൻദാനി (ഒഡീഷ), അഹ്മദ് അൽ ഫലാസി (യുഎഇ), ഫാതിമ റിനൂസ റസൂഖ് (ശ്രീലങ്ക) എന്നിവരാണ് മറ്റു കലാകാരന്മാർ. പ്രവേശനം സൗജന്യമാണെങ്കിലും കാണികൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അയയ്ക്കാം.