കേരളത്തിനു സാന്ത്വനത്തിന്റെ നിറക്കൂട്ടൊരുക്കി ചിത്രകാരൻമാർ
ദുബായ് ∙ പ്രളയത്തിൽ മുറിവേറ്റ കേരളത്തിനു സാന്ത്വനത്തിന്റെ നിറക്കൂട്ടൊരുക്കുകയാണ് യുഎഇ സ്വദേശിയും ചിത്രകാരനുമായ അഹമ്മദ് അൽ ഫലാസി. യുഎഇയിലെ മലയാളി സുഹൃത്തുക്കളുടെ നാടിനും കുടുംബത്തിനും പ്രളയം സമ്മാനിച്ച കെടുതികൾ ഈ കലാകാരനെയും വേദനിപ്പിച്ചു. അപ്പോൾ മനസിലുറപ്പിച്ചതാണ് കലയിലൂടെ കേരളത്തെ സഹായിക്കണമെന്ന്.
ദുബായ് ഔട്ട്ലറ്റ് മാളിൽ അതിന് അവസരം ലഭിച്ചപ്പോൾ സഹായത്തിന്റെ നിറക്കൂട്ടൊരുക്കാൻ ആദ്യം എത്തിയതും അഹ്മദ് അൽ ഫലാസിയായിരുന്നു. പ്രമുഖ ഡൂഡിൽ ആർട്ടിസ്റ്റും തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയുമായ സിജിൻ ഗോപിനാഥാണ് ഈ ആശയത്തിനു പിന്നിൽ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് പണം അയയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ചിത്രം വിറ്റുകിട്ടുന്ന തുകയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും.
സപ്പോർട്ട് കേരള എന്ന പ്രമേയത്തിൽ പതിനാലു കലാകാരന്മാർ ഔട്ട്ലറ്റ് മാളിൽ ഒത്തുചേർന്നാണ് കേരളത്തിന്റെ പ്രതീക്ഷയ്ക്കു വർണം നൽകിയത്. അഹ്മദ് മാത്രമല്ല ശ്രീലങ്കൻ സ്വദേശിനി ഫാത്തിമ റെനൂസ റെസൂക്കും കേരളത്തിന്റെ മുറിപ്പാടിൽ ചായം നൽകാനെത്തിയിരുന്നു. ഇവരെക്കൂടാതെ പന്ത്രണ്ട് ഇന്ത്യക്കാരടക്കം 14 പേർ ചേർന്നാണ് കേരളത്തിന്റെ വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് നവകേരളത്തെ വരച്ചത്.
ഷെഹി ഷാഫി, ശ്യാംലാൽ, ആരതി സുനിൽ, ആശ മേനോൻ, ഗായത്രി അടിയോലിൽ, രാജീവ് മാരാത്, അനീഷ് ചന്ദ്ര, കിരൺ ബിജുകുമാർ എന്നീ മലയാളികൾക്കു പുറമെ ഭൈരവി മിസ്ത്രി (മുംബൈ), റീതുപർണ റോയ് (കൊൽക്കത്ത), സുനിൽ ബിൻദാനി (ഒറീസ) എന്നീ ഇന്ത്യക്കാരാണ് അഹ്മദിനും ഫാത്തിമയ്ക്കും കൂട്ടായി വരയിൽ ഒന്നിച്ചത്.