Article about Artist Sijin Gopinathan -Family Magazine (UAE)
കഴിവുണ്ടായിട്ടും പ്രോത്സാഹനത്തിന്റെയും മതിയായ പരിശീലനത്തിന്റെയും കുറവ് മൂലം ജന്മനാ ലഭിക്കുന്ന വാസനകൾ മൂർച്ചപ്പെടുത്തിയെടുക്കാതെ പോയ ഒരുപാട് കലാകാരൻമാർ നമുക്കുണ്ട്, എന്നാൽ ആ പരിമിതിയിൽ നിന്നുകൊണ്ട് നമ്മുടെ അഭിരുചികളെ വളർത്തിയെടുക്കാനും സമൂഹത്തിൽ തന്റേതായൊരു വ്യക്തിത്വം അവകാശപ്പെടാൻ കഴിയുന്ന ഒരു തിരുവനതപുരം സ്വദേശിയാണ് സിജിൻ ഗോപിനാഥൻ.
ചിത്രരചനയിൽ ഡൂഡിൽ ആർട്ടിലും കോൺടെംപോററി പൈന്റിങ്ങിലും തന്റേതായ ശൈലിയിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ കലാകാരൻ ദുബൈയിലെ ഐഡിയൽസ് എന്ന സ്വാകാര്യ സ്ഥാപനത്തിൽ ക്രീയേറ്റീവ് ഡിറക്ടറായി ജോലി ചെയ്തുവരുന്നു. ടെക്നോപാർക്കിൽ വെബ് ഡിസൈനർ ആയി പ്രവർത്തിക്കുമ്പോഴും ചിത്രരചന തന്റെ തൊഴിലിനൊപ്പം ചേർത്തുനിർത്താൻ സിജിനു കഴിഞ്ഞു. പ്രവാസജീവിതം നാലുവർഷം പിന്നിടുന്പോൾ ഇതിനോടകം യു.എ.ഇ യിൽ വേൾഡ് ആർട് ദുബായ് , ദി ഹോട്ടൽ ഷോ ഉൾപ്പടെ 12 ഓളം എക്സിബിഷനുകളിൽ സിജിന്റെ ചിത്രങ്ങൾ നിറഞ്ഞു.
വിവിധ മേഖലയിലെ കലാകാരന്മാരെ സമന്യയിപിച്ചു ഒരു കലാസാംസ്കാരിക "നെസ്റ്റ് ഇൻ ഗൾഫ്" എന്നപേരിൽ സഘടിപ്പിച്ചു, ഇയർ ഓഫ് സായിദ് പ്രദർശനത്തിൽ ഡൂഡിൾ ചിത്രരചനയിലൂടെ ഏവരുടെയും ശ്രദ്ധ നേടാൻ ഈ കലാകാരന് കഴിഞ്ഞു, 2017ൽ റിറ്റ്സ് കൽടോൺ നടന്ന ഗ്ലോബൽ വുമൺ ഇൻ ഇക്കണോമിക് ഫോറം ഇവന്റിൽ സിജിന്റെ നിറക്കൂട്ടിൽ വിരിഞ്ഞ ഗിഫ്റ്റി ഓഫ് ലൈഫ് എന്ന ആശയം ഉൾകൊള്ളുന്ന ചിത്രമാണ് മികച്ചതായി തിരഞ്ഞെടുക്കപെട്ടത്. ആയിരത്തിൽപരം ആഗോള വനിതാ നേതാക്കൾ പങ്കെടുത്ത വേദിയിൽ ഗിഫ്റ്റി ഓഫ് ലൈഫ് എന്ന ആശയം വിവരിക്കാൻ സിജിന് അവസരം ലഭിച്ചു, യു.എ.ഇ യി സാംസ്‌കാരിക വകുപ്പ് മന്ത്രി ഹോ. നോറ അൽ കാബിയുടെ പ്രത്ത്യേക പരാമർശത്തിന് അർഹനായി ഈ അനുഗ്രഹീത കലാകാരൻ.
തന്റെ കലാരചനകളിലൂടെ പ്രകൃതിയെയും അതോടൊപ്പം സമൂഹത്തെയും, അതിന്റെ അവസ്ഥാന്തരങ്ങളെയും ക്യാൻവാസിലൂടെ പ്രതിഭലിപ്പിക്കുന്ന ഈ കലാകാരൻ നമ്മൾ മലയാളികൾക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ്. നമ്മുക്കിടയിൽ അത്രയേറെ ശ്രദ്ധിക്കപ്പെടാത്ത ഡൂഡിൽ ചിത്രരചനാ രീതിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഇദ്ദേഹം. അന്താരഷ്ട്രത്തലത്തിൽ ശ്രദ്ധേയരായ ഒട്ടനവധി കലാകാരന്മാരുമായുള്ള ചർച്ചകളും അതിന്റെ ഭാഗമായി നടന്ന നിരവധി ചിത്രപ്രദർശനങ്ങളും സിജിന് ചിത്രകലാ മേഖലയിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുംവിധം അവസരങ്ങൾ നൽകി, പാശ്ചാത്യനാടുകളിൽ ശ്രദ്ധയാകർഷിച്ചു വരുന്ന ഇത്തരം ചിത്രരചനാ രീതി യു.എ.ഇ യിൽ പരീക്ഷിക്കുന്ന ആദ്യ വ്യക്തി സിജിൻ തന്നെ. വ്യത്യസ്ഥമായ രീതിയിൽ ചിത്രരചന മേഖലയിൽ തന്റെ ഡൂഡിൽ ചിത്രങ്ങളിലൂടെ വിസ്‌മയം തീർക്കുകയാണ് ഈ മലയാളി.