പല രാജ്യങ്ങളിലെ 300 മുഖങ്ങള്‍ ഒരു കാന്‍വാസില്‍
ഭിന്നങ്ങളായ സംസ്കാരങ്ങള്‍ ഒരേ ദിശയിലേക്ക് സമാന്തരമായി ഒഴുകുന്ന ഒരു പുഴ പോലെയാണ് പ്രവാസ ലോകം. വൈവിധ്യങ്ങളുടെ ഒരു സംഗമ ഭൂമിയെന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. വിത്യസ്തമായ കഴിവുകള്‍ ലോകത്തിന് മുമ്ബില്‍ പ്രകടിപ്പിക്കാനുള്ള ഒരു വലിയ കാൻവാസും കൂടിയാണിത്. സ്നേഹാടിത്തറയില് പുതിയ സൗഹൃദങ്ങള്‍ പിറവിയെടുക്കുന്ന മനോഹരമായ കാഴ്ചയും നമുക്ക് ഇവിടെ കാണാനാവും.
ഡൂഡില്‍ ആര്‍ട്ട് എന്ന കലയിലൂടെ പ്രവാസ ലോകത്തെ സ്നേഹത്തിന്റെയും സൗഹൃദങ്ങളുടെയും സുന്ദരമായ മുഖം വലിയ കാൻവാസിലേക്ക് പകര്‍ത്താനുള്ള ശ്രമത്തിലാണ് പ്രവാസി മലയാളിയായ സിജിൻ ഗോപിനാഥൻ. ഒരു ക്യാൻവാസില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300ലധികം വിത്യസ്തരായ മനുഷ്യരുടെ മുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രദ്ധേയമായ കലാസൃഷ്ടിയുടെ പിറവിക്കായുള്ള കഠിന പരിശ്രമത്തിലാണീ കലാകാരൻ. വിത്യസ്തമായ ഈ കലാസൃഷ്ടിയിലൂടെ മനുഷ്യര്‍ക്കിടയില്‍ ഐക്യവും ആര്‍ദ്രതയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശമായി അത് വര്‍ത്തിക്കുമെന്നാണ് സിജിൻ വിശ്വസിക്കുന്നത്.